കൊല്ലം: വർധിച്ചുവരുന്ന തെരുനായ് ശല്യത്തിന് ശാശ്വത പരിഹാരമായി കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ പോർട്ടബിൾ എബിസി സെന്ററുകൾ സ്ഥാപിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടിഡയറക്ടർ ഡോ.ഡി. സജയ്, ഡോ. ശ്യാം ലാൽ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷൈൻ കുമാർ എന്നിവർ കൊല്ലത്ത് പറഞ്ഞു.
രാജ്യത്താദ്യമായി തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പൈലറ്റ് പ്രോജക്ട് ആയി പോർട്ടബിൾ എബിസി സെന്റർ ആരംഭിക്കുന്നത്.
2019ലെ സെൻസസ് പ്രകാരം കേരളത്തിൽ 2.89ലക്ഷം തെരുവുനായകളും 8.36ലക്ഷം വളർത്തു നായ്ക്കളും ഉണ്ട്.വർഷംതോറും തെരുവുനായ്ക്കളുടെ എണ്ണത്തിൽ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇതിനു പരിഹാരമായി എബിസി സെന്ററുകൾ വഴി തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ ഫലപ്രാപ്തിയിൽ എത്താതെ വന്ന സാഹചര്യത്തിലാണ് പോർട്ടബിൾ എബിസി സെന്ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും പറഞ്ഞു.